കാസർഗോഡ്: തൃക്കരിപ്പൂരിലെ യുഡിഎഫ് വിജയത്തിന് പിന്നിൽ വർഗീയ പ്രചാരണമാണെന്ന പി.ജയരാജന്റെ ആരോപണത്തിന് മറുപടിയുമായി സന്ദീപ് വാര്യർ എംഎൽഎ. തനിക്കെതിരായ വർഗീയ പ്രചാരണം ചെറുക്കാൻ ഏറ്റവും ശക്തമായി രംഗത്തിറങ്ങിയത് മുസ്ലിം ലീഗിന്റെയും വനിതാ ലീഗിന്റെയും പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു.
താൻ മുസ്ലിം വിരുദ്ധനെന്ന തരത്തിൽ കടുത്ത വർഗീയ പ്രചാരണം നടത്തിയത് സിപിഎം പ്രവർത്തകരാണ്. നിരവധി വ്യാജ പ്രചാരണങ്ങളും വ്യക്തിഹത്യയുമുണ്ടായി. വി.പി.പി. മുസ്തഫയുടെ പരാജയത്തെ തുടർന്നുണ്ടായ മുറിവിൽ മുളക് തേയ്ക്കുന്നതിനു തുല്യമാണ് പി. ജയരാജന്റെ ഇപ്പോഴത്തെ പ്രസ്താവനയെന്നും സന്ദീപ് വാര്യർ പരിഹസിച്ചു. ജനവിധി അംഗീകരിക്കുകയാണ് വേണ്ടത്.
കേസെടുക്കണമെന്ന പി. ജയരാജന്റെ പരാമർശത്തെയും സന്ദീപ് വാര്യർ വിമർശിച്ചു. പ്രസംഗത്തിൽ പറയുന്ന ഓരോ കാര്യത്തിനും കേസെടുക്കാൻ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. തൃക്കരിപ്പൂരിലെ യുഡിഎഫ് വിജയത്തിന് പിന്നിൽ മുസ്ലിം ലീഗ് നടത്തിയ വർഗീയ പ്രചാരണമാണെന്നായിരുന്നു പി. ജയരാജന്റെ ആരോപണം.
മതവികാരം ഇളക്കിവിടാനാണ് ലീഗ് ശ്രമിച്ചത്. മുസ്ലിം വീടുകൾ സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർഥി വി.പി.പി. മുസ്തഫയ്ക്കെതിരെ വികാരം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും പി. ജയരാജൻ ആരോപിച്ചിരുന്നു.